Wednesday, January 12, 2011

പ്രവാസം ഒരു മരീചിക

കുവൈറ്റ്‌ കുട്ടനാട് അസോസിയേഷന്‍ കവിതാ രചന മത്സരത്തില്‍
ഒന്നാം സ്ഥാനം നേടിയ കവിത)
................................................
ഇന്നു ഞാനിവിടെയെത്തി
ഓര്‍മ്മതന്‍ ഭാണ്ഡം പേറി
പോയ കാലത്തിന്‍റെ നഷ്ട സ്വപ്നങ്ങളെ
നിങ്ങള്‍ക്ക് വിട, എന്നേയ്ക്കുമായ്..
 
നഗരം വമിക്കുന്ന യന്ത്രസംസ്ക്കാരം
നിര്‍ത്താതെയലയുന്ന ജീവിതയാത്രകള്‍
സമയത്തെ തിരസ്ക്കരിക്കുന്ന മാന്യത
സത്യത്തെ പിന്നാമ്പുറങ്ങളില്‍ തള്ളുന്നു
 
വിധിയോടു മല്ലിട്ടു നേടിയ ജന്മമേ
നിന്‍റെ വരമാണ് എന്‍റെയീ ജീവന്‍
ആവണിപ്പാടം, അമ്മതന്‍ താലി
നഷ്ടക്കണക്കുകള്‍ വീണ്ടുമെത്താക്കടങ്ങള്‍
 
നഷ്ടമായീ എനിക്കെന്നും വിധിച്ചവ
നഷ്ടപ്പെടുത്തീ ഞാനെന്നും വിതച്ചവ
എല്ലാത്തിനും ക്ഷമ, എന്നെ സ്നേഹിച്ചവര്‍
എന്നെങ്കിലും തിരിച്ചെത്തിയാല്‍ ഞാന്‍ ചൊല്ലും
 
പടിയിറങ്ങി ഞാന്‍ ആത്മാവില്‍ നിറയുന്നു
ഇരുളില്‍ ഘനം വച്ച മേഘങ്ങള്‍, ഓര്‍മ്മകള്‍
മരീചികയാം പച്ചകള്‍ തേടി വിട ചൊല്ലിയിറങ്ങി
ഞാനിനി വരും, വരാതിരിക്കുവാനാവില്ല
 
എല്ലാമിനിയെന്നു നേടും മനസ്സിന്‍റെ
എഴുതാപ്പുറങ്ങളില്‍  ആത്മാവിന്‍ ഗദ്ഗദം
കരുപ്പിടിപ്പിച്ചേ മതിയാകൂ എന്‍റെയീ
കരിയുന്ന ജന്‍മം നനയ്ക്കാന്‍, തളിര്‍ക്കാന്‍
 
ഇക്കൊടും ചൂടില്‍ വരളുന്ന കാഴ്ചയില്‍
ഉയര്‍ന്നുപോങ്ങും പൊടിയില്‍, യന്ത്രപ്പുരയില്‍
ഞാനെന്നുമോര്‍ക്കുന്നോരാ സത്യം
ഉള്‍ക്കരുത്തായ്, ജ്വലിക്കുന്ന നാളമായ്
 
ഈ മണലാരണ്യത്തില്‍ എന്തൊക്കെ ജീവിതം ?
നഷ്ടങ്ങള്‍, നഷ്ടപ്പെടലുകള്‍
ഓര്‍മ്മകള്‍, ഓര്‍മ്മത്തെറ്റുകള്‍
ഇടറുന്ന ജീവിത ഭാഷണങ്ങള്‍.
 
പൊന്നുവിളയുന്ന ഭൂമി..മനസ്സിന്‍റെ സങ്കല്പം
അതിന്‍മേലൊരു പരുന്തെന്നും പറക്കുന്നു
എന്തിനായിരുന്നു? എന്ന നീറുന്ന ചോദ്യം !
അതിന്‍മേലൊരു നാണയം, ഒരു ദിനാര്‍, പൊള്ളുന്ന സത്യമായ്
 
തിരികെ ഞാനെത്തുവാന്‍ സത്യം പറയുവാന്‍
കാതോര്‍ത്തു നില്‍ക്കുമെന്‍ ഗ്രാമമുണ്ട്
കഴിയില്ല യൊന്നിനും നല്‍കുവാന്‍ എന്നുമാ 
നിര്‍മ്മല സ്നേഹത്തിന്‍ ഉള്‍ക്കണങ്ങള്‍ 
 
സത്യമേ വിളിച്ചോതു നീ
എവിടെയും പൂക്കില്ല, എങ്ങും തളിര്‍ക്കില്ല
ജീവിത മരീചിക തേടുന്ന യാത്രകള്‍
അണയൂ ആ ഗ്രാമത്തിന്‍ പച്ചയിലേക്കു നീ
തിരിച്ചറിയൂ നിന്‍റെ അസ്ഥിത്വം
 
"പ്രവാസം എന്നുമൊരു മരീചികയാണ്"
 
 

1 comment:

  1. kaalam vidhiyotu kalicha kalikalil
    vijayippathaaru...?kaalamo..???vidhiuo...??

    ReplyDelete