Wednesday, December 29, 2010

ഓര്‍മ്മക്കൂട് - ബേദിക്കായി ഒരു ഗാനം കൂടി

സഖീ ..നീയെനിക്കൊരോര്‍മ്മതന്‍ കൂട്
സഖീ ..നീയെനിക്കൊരോര്‍മ്മതന്‍ കൂട്
ഹൃദയത്തിലെന്നെന്നും അറിയാതെ നിറയുന്ന
നനവുള്ള നിരമുല്ലോരോര്‍മ്മതന്‍ കൂട്

സഖീ ..നീയെനിക്കൊരോര്‍മ്മതന്‍ കൂട്

എന്നു നാം കണ്ടുമുട്ടീ.....
എന്നു നാം വീണലിഞ്ഞു
എത്ര സ്വപ്‌നങ്ങള്‍, എത്ര ദുഃഖങ്ങള്‍
പറയാതെ അറിയാതെ പങ്കുവച്ചു

സഖീ ..നീയെനിക്കൊരോര്‍മ്മതന്‍ കൂട്

എന്നു നീ വേര്പിരിഞ്ഞൂ...
എങ്ങു നീ പോയ്മറഞ്ഞൂ
ഈ തീരഭൂമിയില്‍ ഞാനുമെന്നോര്‍മ്മയും
നീ തന്ന സ്വപ്നവും മാത്രമായി....

സഖീ ..നീയെനിക്കൊരോര്‍മ്മതന്‍ കൂട്
സഖീ.........

Tuesday, December 28, 2010

പ്രണാമം - ലോഹിതദാസിന്‍റെ ഓര്‍മ്മയ്ക്കായ്

ഇന്ന് നീ ഇവിടില്ല, കാലയവനികയ്ക്കുള്ളില്‍
മറഞ്ഞുപോയെങ്കിലും നിന്നെ തിരിച്ചറിഞ്ഞു ഞങ്ങള്‍
നീ കോറിയിട്ട വരികള്‍, വരികള്‍ക്കിടയിലെ അര്‍ഥങ്ങള്‍
ജീവന്‍ തുടിക്കും കഥകള്‍ ..എല്ലാം സ്മരിക്കുന്നു

നീയൊരു പഥികന്‍, ജീവിതത്തിന്‍റെ
"തനിയാവര്‍ത്ത"നത്തില്‍ മാനവ ഹൃദയങ്ങളെ
തൊട്ടു താലോലിച്ചവന്‍.."കിരീടം" ചൂടിയവന്‍

വേദനതന്‍ തുടിപ്പും പ്രാര്‍ത്ഥനയും
ബന്ധങ്ങള്‍ തന്‍ ആഴവും പരപ്പും
സാമൂഹ്യ നീച ഭാവങ്ങള്‍ക്കു താക്കീതും
അനുരാഗ ചിന്തകള്‍ക്കു നയ്ര്‍മ്മല്യവും

ഒടുവില്‍ മരണക്കുറിപ്പായൊരു "നിവേദ്യ'വും നല്‍കി
നീ യാത്രയായി..ലോഹീ..നിനക്ക് പ്രണാമം
കൈരളിയുടെ കാഴ്ച്ചതന്‍ ലോകം അനശ്വരമാക്കിയ പഥികാ
നിനക്കൊരായിരം അശ്രുപുഷ്പ്പങ്ങള്‍..ആദരാഞ്ജലികള്‍..

എന്‍റെ പ്രണയം നഷ്ടപ്പെട്ടതെവിടെയാണ് ??

എന്‍റെ പ്രണയം നഷ്ടപ്പെട്ടതെവിടെയാണ് ??
!!!!!
ഒരു സായം സന്ധ്യയില്‍
ഒരു പുഴയുടെ കടവില്‍
ഒരു നാട്ടുവഴിയില്‍
ഒരു സ്കൂള്‍ വരാന്തയില്‍
ഒരു ബദാം മരച്ചുവട്ടില്‍ .........

ഒരു മുറിഞ്ഞുപോയ വാക്കില്‍
ഒരു മറന്ന ചിരിയില്‍
ഒരു പിറന്നാള്‍ ആശംസയില്‍
എഴുതാതെ പോയ വരികളില്‍
ഒരു കടലാസ്സുതുണ്ടില്‍ .....

ഒരു വേനലവധിയില്‍
ഒരു ബസ്സിന്‍റെ ഒച്ചയില്‍
ഒരു ചുള്ളിക്കാടിന്‍റെ കവിതയില്‍
കെമിസ്ട്രി ലാബിന്‍റെ ഇടനാഴിയില്‍
ഒരു ഡിസ്മിസ്സല്‍ ഓര്‍ഡര്‍ തുമ്പില്‍ ........

ഒരു ക്ഷേത്രത്തിന്‍റെ പ്രദക്ഷിണവഴിയില്‍
ഒരു തോണിയുടെ ഇരു വശങ്ങളില്‍
ഒരു സിനിമാതീയെട്ടെരിന്‍ കൌണ്ടെറില്‍
ഒരു വഴിതെറ്റിയെത്തിയ ഗ്രീറ്റിംഗ് കാര്‍ഡില്‍
ഒരു വെളുപ്പാങ്കാല ദുസ്വപ്നത്തില്‍ ............
....................................
ഒരു ആശുപത്രി കിടക്കയില്‍
ഒരു അരണ്ട നിയോണ്‍ വെളിച്ചത്തില്‍
ഒരു നേര്‍ത്ത തേങ്ങലില്‍
ഒരു ഒക്സിജെന്‍ സിലിണ്ടരിന്‍ ആഴത്തില്‍
ഒരു ദയനീയ നോട്ടത്തില്‍ ..........
..........................
ഒടുവില്‍ ഒരു മരണത്തിന്‍റെ ആ കണ്ണനീര്‍ തുള്ളിയില്‍
................................
!!!!!!

രാധാകൃഷ്ണഗീതം-ശ്രീ എം. ജി. രാധാകൃഷ്ണനെ സ്മരിച്ചുകൊണ്ട്

ഓര്‍ക്കുന്നു ഞാന്‍...
.............................
നിന്‍റെ ഹൃദയാര്‍ദ്ര ഗീതങ്ങള്‍
നിന്‍ വിരല്ത്തുമ്പിലൂടോഴുകിയ ഗാഥകള്‍
അലയടിച്ചെത്തുന്ന നാദ വീചികള്‍
എന്നെന്നുമോര്‍ക്കുന്ന ആത്മാവിഷ്ക്കാരങ്ങള്‍..

മനസ്സിന്‍റെ ചെപ്പിലോളിപ്പിച്ച മുത്തുകള്‍
രാഗ താള ലയങ്ങളില്‍ ചാലിച്ച്
അനശ്വര ഗാനപ്രവാഹമായി സംഗീതമായി
ആര്‍ദ്രമായി ..പ്രണയാര്‍ദ്രമായി ..ഞങ്ങളിലൂടെ

തേങ്ങലായി, നീയൊരു സ്നേഹപ്രവാഹമായി
തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞുവേന്നാകിലും
നിന്‍ ആത്മാവില്‍ നിന്നെത്തിയ ഗീതങ്ങള്‍
നിത്യസുന്ദരമായി നില്‍ക്കുമീ ഭൂമിയില്‍

ഓര്‍മ്മ

അന്നു നാമൊന്നിച്ചു
പൂക്കളിറുത്തതും
പൂവിളി
കാതോര്‍തിരുന്നതും
ഉഷസ്സിന്റെ വിരിമാറില്‍
ഊയലാടി പറന്നതും
പൂര്‍ണ്ണ നിലാവിന്റെ
നീലിമ നുകര്‍ന്നതും .....
എങ്ങോ മറഞ്ഞുപോയി

കുയിലുകള്‍
കൂകിത്തിമിര്‍ക്കുന്ന കടവിലും
കനക സ്വപ്‌നങ്ങള്‍ തന്‍
കൂടാരക്കെട്ടിലും
നാമൊന്നിച്ചു പങ്കിട്ടതൊക്കെയും
കനവായി മറഞ്ഞുപോയി
...
കഴിഞ്ഞകാലത്തിന്റെ
മൂടുപടം മാറ്റി നോക്കുക
കരയാതെ നമ്മുടെ
ഗതകാലമോര്‍ക്കുക!!

അവസാന വഴിയില്‍

ഓര്‍മ്മയുടെ നടുമുറ്റത്തു പിച്ച നടക്കുന്ന ശൈശവം
നനുത്തോരോര്‍മ്മപോലെ പിന്തുടരുന്ന കൗമാരം
ഉടയുന്ന ചിന്തകള്‍ അലയടിച്ചെത്തുന്ന യൗവനം
നിഴലുകളെ മുറുകെപ്പിടിച്ചു ഞാവിടെയെത്തി
ഈ വാര്‍ധക്യത്തില്‍

ഒരു നിലവിളക്കു കരിന്തിരി എരിയുംപോലെ
ഒരു ഗസല്‍ സംഗീതം കേട്ടു മറയും പോലെ
ഒരു സിനിമതന്‍ ക്ലൈമാക്സ്‌ പോലെ
ഒരു കടലിന്നാരവം നിലയ്ക്കും പോലെ...ഓര്‍മ്മകള്‍

"ഇല്ല വരുന്നില്ലുറക്കം" ഈ കടത്തിണ്ണയില്‍
എന്റെ നഷ്ടസ്വപ്നങ്ങളെ പുണര്‍ന്നിരിക്കുംപോള്‍
പുറത്തു തോരാതെ പെയ്യുന്നു തുലാ മഴ
ഒരു നനഞ്ഞ കാലന്‍ കോഴി എവിടെന്നോ കൂവുന്നു

ഒരിക്കല്‍, എന്‍ ജന്മം ഭാഗ്യമെന്നോതീ ചിലര്‍
തറവാടിന്‍ പുണ്യമെന്നു വേറെ ചിലര്‍
ഇന്ന് ഞാന്‍ അനന്തരാവകാശി, ഈ തണുത്ത നിശയുടെ
ഈ നില്‍ക്കാത്ത മഴയുടെ...

ഇന്നു ഞാനൊന്നുറങ്ങാന്‍ ശ്രമിക്കട്ടെ
മഴത്തുള്ളിയില്‍ വെളിച്ചം ചിതറുന്നു
ഒരു കീറിയ പുതപ്പെങ്കിലും കിട്ടിയെങ്കില്‍
അറിയാതെ ആശിച്ചുപോകുന്നു, .....ഈ വാര്‍ധക്യത്തില്‍

ഒരു അയ്യപ്പ ഗാനം

ഇരുമുടിക്കെട്ടിലെന്‍ ദുരിതങ്ങള്‍ നിറച്ചു
നിന്‍ തിരു നടയില്‍ ഞാന്‍ വന്നൂ
പാപങ്ങള്‍ തീരാന്‍ വരമരുളീടുക
പന്തള ദാസനാം മണികണ്ാ..മണികണ്
 
കര്‍പ്പൂര ദീപങ്ങള്‍ നിറമാല ചാര്‍ത്തുമീ
കരുണാമൂര്‍ത്തി തന്‍ തിരുമുന്‍പില്‍
നിറമിഴിയുമായി നിന്നൊരെന്‍ മനസ്സില്‍
ഒരു നേര്‍ത്ത തെന്നലായി നീ വന്നൂ
ഒരു നേര്‍ത്ത തെന്നലായി നീ വന്നൂ
 
(ഇരുമുടിക്കെട്ടിലെന്‍ ദുരിതങ്ങള്‍ നിറച്ചു ...)
 
ഒരു ദുഖസാഗരം പേറുമീ അടിയനെ
ത്രികണ്ണാല്‍  പാര്‍ക്കേണം ഭഗവാനെ
നിന്‍ മുന്നിലവിരാമം ഗീതങ്ങള്‍ പാടുവാന്‍
അഖിലാണ്ടെശ്വരാ അനുഗ്രഹിക്കൂ
അഖിലാണ്ടെശ്വരാ അനുഗ്രഹിക്കൂ
 
(ഇരുമുടിക്കെട്ടിലെന്‍ ദുരിതങ്ങള്‍ നിറച്ചു
നിന്‍ തിരു നടയില്‍ ഞാന്‍ വന്നൂ
പാപങ്ങള്‍ തീരാന്‍ വരമരുളീടുക
പന്തള ദാസനാം മണികണ്ാ..മണികണ് )
 

കടമ്മനിട്ട- ഓര്‍മ്മതന്‍ താളം

താളം !!
കാടിന്‍  താളം
കാറ്റിന്‍ താളം
അലറിവരും ചെറുമികള്‍ തന്‍ താളം
കടമ്മനിട്ട തന്‍ രൗദ്ര താളം
പടയണിതന്‍ തുടി കൊട്ടും താളം
 
ശാന്തയ്ക്കൊരു നോവിന്‍ താളം
തന്‍ പൈതങ്ങള്‍ക്കൊരു സ്നേഹത്താളം
മാളോര്‍ക്കൊരു താക്കീതിന്‍ വിരല്‍
ചൂണ്ടുന്നൊരു ഭൈരവ താളം
 
"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്"
 
ഈ ഭൂമി പിളര്‍ക്കും താളം
ആര്‍ത്തുവരും കടലലകള്‍ പോലെ
പെരുമഴ തന്‍ ഗര്‍ജ്ജം പോലെ
കരളുമിടിപ്പിന്‍ താളം
നാടിന്‍ താളം
നഗരത്താളം
നാടുവാഴികള്‍ നടുങ്ങും താളം !!
 

ഇനി ഞാന്‍ മടങ്ങട്ടെ

വന്നെത്തിയില്ലെന്തേ വര്‍ണ്ണമേഘങ്ങള്‍ 
സന്ധ്യയെപ്പട്ടുടുപ്പിക്കാന്‍ ....
 വന്നെത്തിയില്ലെന്തേ വാര്‍ മഴവില്‍ക്കൊടി
സന്ധ്യയെ മഞ്ചലിലേറ്റാന്‍....
 
അന്തിമേഘം മങ്ങി സാഗരം വിങ്ങി
തീരത്ത് തിരകളും തേങ്ങി..
വന്നെത്തിയില്ലാ വിഹംഗങ്ങള്‍ പോലും
സന്ധ്യയ്ക്കു മംഗളം നേരാന്‍ ...
 
അന്ധകാരത്തിന്റെ കൊട്ടാര വാതിലില്‍
വന്ധ്യമെഘം കാത്തുനില്‍പ്പതാരെ ?
തീരത്ത് ഞാനുമീ തെങ്ങും തിരകളും
വിങ്ങുമൊരോര്‍മമയും മാത്രം....

Sunday, December 26, 2010

വാക്ക്

ഒരിക്കല്‍ സന്ധ്യയില്‍ മുറിഞ്ഞു വീഴുന്ന
മഴയുടെ ഒച്ച നിലയ്ക്കും വേളയില്‍
പരശ്ശതം ചിന്ത വകഞ്ഞു നീക്കി നീ
എനിക്ക് തന്നുവോ തളിര്‍ത്ത സ്വപ്‌നങ്ങള്‍ !!

ഒരിറ്റു ശ്വാസത്തെ പുണര്‍ന്നുറങ്ങുവാന്‍
കൊതിക്കും അച്ഛനെ മനസ്സിലോര്‍ത്തു നീ
ഒരിറ്റു കണ്ണുനീര്‍ ഇനിയില്ലാത്തൊരാ
തളര്‍ന്നോരമ്മയും മനസ്സിലെത്തിയോ?

പറഞ്ഞുവോ നിനക്കതാണ് ജീവിതം
അറിഞ്ഞുവോ ഞാനും അതാണെന്‍ നീറ്റലും.
ദരിദ്രവേഷവും തളര്‍ന്നോരോര്‍മ്മയും
വിളര്‍ത്ത സ്വപ്നവും  നിനക്ക് തന്നു ഞാന്‍
 
ഇതല്ലാതൊന്നുമേ  തരാനില്ലെന്നുമേ
നിനക്ക് ഞാനൊരു വ്യധയാണെന്നുമേ
തകര്‍ന്ന ജീവിതം അതിന്‍റെ ഓളത്തില്‍
തകര്‍ന്നടിയട്ടെ ഇനി ഞാന്‍ പോകട്ടെ. ?
 
വിജനമീ ഭൂമി മഹാസമുദ്രവും
നിലയില്ലാക്കയം  എനിക്കാരോമനേ  
ഇനി നിന്‍ സ്വപ്‌നങ്ങള്‍ എനിക്കുള്ളതല്ലേ
ഇനിയും ജീവിതം വിജയിക്കാനല്ലേ ? 
 
ഇനി നിന്‍ നൊമ്പരം അതിന്‍റെ  ആഴത്തില്‍
അലിഞ്ഞു പോകട്ടെ കരയല്ലേ  ഇനി......

Thursday, December 23, 2010

വിധി

അകന്നു പോകുവാന്‍ സമയമായെന്ന്
അകത്തുനിന്നാരോ വിധി പറയുന്നു
അനുസരിക്കുവാന്‍ കടപ്പെട്ടോര്‍ നമ്മള്‍
അരികു ചേര്‍ന്നെന്നുമകലെ പോകേണ്ടോര്‍

പറഞ്ഞുതീരാത്ത തുടര്‍ക്കഥകളില്‍
പതഞ്ഞുപായുന്നു പുഴയുമാഴിയും
മറുപടിയില്ലാ കടങ്കഥകളായി
മറയുമിന്നു നാം വഴി പിരിയുന്നു
 
നിമിഷങ്ങള്‍ നമ്മള്‍ കടമെടുത്തവ
തിരിച്ചു നല്‍കുവാന്‍ സമയമായെന്ന്
അകത്തുനിന്നാരോ വിധി പറയുന്നു
"അനുസരിക്കുവാന്‍ കടപ്പെട്ടോര്‍ നമ്മള്‍ "!!