Wednesday, October 31, 2012

വ്യര്‍ത്ഥമോഹങ്ങള്‍

 
കിളികള്‍ തന്‍ കൊഞ്ചല്‍ കേട്ടുണര്‍ന്ന 
മധുരമാമെന്‍ ഗ്രാമം ...ഇന്നെവിടെ ?
 
പൂതത്തിന്‍ കഥകള്‍ ചൊല്ലിയുറക്കിയ 
മനസ്സിലെ മുത്തശ്ശി ...ഇന്നെവിടെ ?
 
ഉടുക്കു കൊട്ടിന്‍ താളത്തില്‍ കൊയ്ത്തു പാട്ടിന്‍ ഈണത്തില്‍
ആര്‍ദ്രമായി പെയ്തിറങ്ങിയ ..
ആ ചിങ്ങമാസപ്പുലരികള്‍ ഇന്നെവിടെ..?
 
മഞ്ഞിന്‍ മറ നീക്കി ഉഷസ്സിനെ പുണരാന്‍
ഉണര്‍ന്നു തെളിഞ്ഞെത്തും ആ വൃശ്ചികപ്പുലരികള്‍ ഇന്നെവിടെ?
 
കണി കണ്ടുണരുവാന്‍  കണിക്കൊന്ന വിരിയുന്ന
കണ്ണന്റെ പീലിയില്‍ വിഷു വന്നു നിറയുന്ന
ആ മേടമാസപ്പുലരികള്‍ ..ഇന്നെവിടെ?
 
എവിടെപോയാ മധുരദിനങ്ങള്‍?
കനവിന്റെ നിറമൂറും പ്രകാശത്തിനുറവകള്‍ ?
 
പറയൂ ..! എവിടെയാ നാടിന്‍ സൌന്ദര്യം?
എവിടെയാ മണ്ണിന്റെ നൈര്‍മ്മല്യം?
ഏട്ടില്‍ പറയുന്ന.. ദൈവത്തിന്‍ നാട്ടില്‍ ?
 
തിരികെ എത്തുവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടൊരു കൈത്തിരി ...
ഈ കവിതയും എന്റെ സ്വപ്നങ്ങളും...