Thursday, December 6, 2012

മഴയ്ക്കായി കാതോര്‍ത്ത്‌ .....

മഴയ്ക്കായി കാതോര്‍ത്ത്‌ .....

അന്ന് മഴ ചാറിയിരുന്നു
നിന്നില്‍ പെയ്തിറങ്ങിയ ആദ്യത്തെ തുള്ളി
നെറുകയില്‍ ചുംബിച്ച് മാറിലൂടെ താഴേക്കൊഴുകി 
മരുഭൂവിലെ ആദ്യ മഴ പോലെ  
ഓര്‍മ്മകള്‍!! നമ്മുടെ ആദ്യ യാത്രയിലേക്ക്
ചാറ്റല്‍ മഴയില്‍ തുടങ്ങി ഇരുള്‍ വീണ മാമര ചില്ലകളില്‍
ചേക്കേറിയ കിളികള്‍ക്ക് സ്വസ്ഥത കൊടുക്കാതെ
ചീറിയടിച്ച മഴയിലേക്ക്‌...
 മഴത്തുള്ളികള്‍ മരങ്ങളിലൂടെ ഊര്‍ന്നിറങ്ങും
ഇലകളിലൂടെ താഴേക്ക്‌ ഇറ്റിറ്റു വീഴും
ആദ്യത്തെ ഒരുതുള്ളി കണ്ണില്‍ പതിക്കും
നമ്മുടെ ആദ്യ പ്രണയ ദിനങ്ങള്‍ ..
ദഹിച്ചു വരണ്ട നാവില്‍ ആദ്യം വീഴുന്ന തുള്ളി പോലെ
പിന്നെ തുള്ളികളുടെ ഒരു പ്രവാഹം
മരങ്ങളെയും എന്നെയും തണുപ്പിച്ചു കൊണ്ട്
നമ്മുടെ പ്രണയ പ്രവാഹം പോലെ
ഇടയ്ക്കിടെ ഒരു കിഴക്കന്‍ കാറ്റു വീശും
മഴത്തുള്ളികള്‍ ചാഞ്ഞു പതിയ്ക്കാന്‍  തുടങ്ങും
അന്ന്  ഓല മറയുടെ കീഴില്‍ ഇരുന്നു കൊണ്ട് നാം
പുറത്തേക്കു നീട്ടിയ കൈകളില്‍  മഴ പെയ്തൊടുങ്ങി
ആ മഴയുടെ നനുത്ത സ്പര്‍ശത്താല്‍ ആണോ നിന്റെ പ്രണയവും തണുത്തുറഞ്ഞത് ?
ഇന്ന് നിന്റെ ഓരോ വാക്കുകളും ചൂരല്‍ പ്രവാഹങ്ങളായി
മനസ്സില്‍ അടിയേറ്റു തിണര്ത്തു
മഴത്തുള്ളികളായി മനസ്സില്‍ വീഴാന്‍ കൊതിച്ച വാക്കുകള്‍
 അവിടെ കിടന്നു പൊള്ളി ...വൃണമായി
അതില്‍ നിന്നൂറിയ രക്തം നിലത്തു വീണു
നമ്മെ നനയിച്ച മഴയില്‍ കുതിര്‍ന്നു

വീണ്ടും വരണ്ട ഭൂമി മുകിലിനോട്‌ ചോദിച്ചു
ഇനി ഒരിക്കലും പെയ്തു നിറയില്ലേ എന്നില്‍ ? ..പ്രണയപ്രവാഹമായി?

No comments:

Post a Comment