Monday, November 12, 2012

കലിയുഗ രാധ

വരുമെന്റെ കണ്ണന്‍ !!
അങ്ങകലെയാ മധുരാപുരിയില്‍ നിന്നും.

കിരീടവും ചെങ്കോലും രാജയോഗങ്ങളും
ത്യജിച്ചു കൊണ്ടെത്തുമെന്‍ ചാരത്തു വൈശാഖസന്ധ്യപോല്‍
ചുണ്ടില്‍ വിടരുന്നോരോമല്‍ ചിരിയുമായ്..
 അണ പൊട്ടിയൊഴുകുന്ന  ഹര്ഷാശ്രു ധാര
തുടച്ചും കൊണ്ടാ നീലമാറിലണയ്ക്കും
വീണ്ടുമിങ്ങെത്തുന്ന കണ്ണനെ കാണുവാന്‍
പരിഭവ കെട്ടിന്റെ  മാറാപ്പഴിക്കുവാന്‍
അഴലോടെ കാത്തിരുന്ന പെണ്‍കൊടി ഞാന്‍ !!!!

ചേതനയറ്റു കിടന്നോരീ അമ്പാടി
കണ്ണന്റെ കോലക്കുഴല്‍ നാദത്തിലുണരുംപോള്‍
ഉണര്‍വിന്റെ കമ്പളം പുല്‍കിയ കാളിന്ദി
കളഗാനവീചിയുതിര്‍ത്തങ്ങു പായുമ്പോള്‍
കാര്‍മേഘസന്ധ്യ കണികണ്ട മയിലു  പോല്‍
പീലിവിരിയ്ക്കുമെന്‍ ഓമല്‍ കിനാക്കളും
ഉള്ളിന്റെ  ഉള്ളിലെ രാഗ ഭാവങ്ങളും.
ഉണരുമീക്കാമുകിയാരെന്നറിയുമോ ??

ഗോപികയല്ല ഞാന്‍, രുക്മിണിയല്ല ഞാന്‍ 
മീരയോ? രാധയോ? ... ആരുമല്ല
കണ്ണന്റെ കണ്ട്കണ്ട തോഴിയുമല്ല ഞാന്‍
ഋതുഭേദമറിയാതെ പ്രണയിച്ചു പോയൊരാ
കലിയുഗരാധയാണിക്കാമുകി....

കാലമറിയാത്ത കണ്ണനറിയാത്ത
ഒരിത്തിരി പെണ്ണാണീ    'രാധിക' ...

ഇമകളില്‍ സ്വപ്നം നിറച്ചുവച്ചിന്നും
ഇനിയും വരാത്തൊരാ കണ്ണനെ തേടി
കാത്തിരിയ്ക്കുന്നവളാണ്  ഞാന്‍....
എന്നും .....
കാത്തിരിയ്ക്കുന്നവളാണ്  ഞാന്‍!!!!

1 comment:

  1. കടലുപോല്‍ കാറുപോല്‍ ആകെ കറുത്തവന്‍
    കമനീയനവനെ ഞാനെങ്ങു തേടാന്‍
    കടല്‍ തിരകള്‍ക്കിടയില്‍ ഒളിച്ചിരിക്കാം
    കറുകറെ തിങ്ങുമാ കാനനത്തില്‍ കേറി മറയാം
    ഘനശ്യാമ വര്‍ണനിന്നെന്തുമാകാം

    ReplyDelete